ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയന്‍ പുറത്തിറങ്ങി നടക്കില്ലെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറങ്ങി നടക്കില്ലെന്ന് കെ.പി.സി.സി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ പറഞ്ഞു എം.എല്‍.എ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ ഭരണത്തിന് കീഴില്‍ അയ്യപ്പന് പോലും കഷ്ടകാലമാണ്. ഇങ്ങനെയൊരു കാലം ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങളൊന്നും തന്നെ ഒരുക്കിയിട്ടില്ല. ഡ്രെയിനേജ് നിറഞ്ഞ് ശബരിമല പരിസരം ദുര്‍ഗന്ധപൂരിതമായിരിക്കുന്നു. നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഭക്തര്‍ക്ക് 11 മണിക്ക് സന്നിധാനത്ത് തങ്ങാനാവാത്ത സ്ഥിതിയാണ്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ആര്‍.എസ്.എസിന് സല്യൂട്ട് അടിക്കുകയാണ്. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. പുരോഗമനവാദികള്‍ക്കൊപ്പമാണ് തങ്ങളെന്ന് സി.പി.എമ്മും വിശ്വാസികള്‍ക്കൊപ്പമാണെന്ന് ദേവസ്വം ബോര്‍ഡും പറയുന്നു. ഇതിലൂടെ രണ്ട് വിഭാഗക്കാരുടേയും വോട്ട് കിട്ടുമെന്നാണ് അവര്‍ കരുതുന്നത്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സി.പി.എമ്മും കപടഭക്തി കാണിക്കുന്ന ബി.ജെ.പിയുമാണ്. ഇരു പാര്‍ട്ടികളും പകല്‍ ശത്രുക്കളും രാത്രി മിത്രങ്ങളുമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുകയെന്ന പൊതുലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. രണ്ടു പാര്‍ട്ടികളും അയ്യപ്പനെ പണയം വച്ച് വോട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നു. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന് ശിഷ്ടകാലം കാനനവാസമാണെന്നും മുരളി പറഞ്ഞു.

ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ അറസ്റ്റ് അനാവശ്യമാണ്. ശശികല ഒരുദിവസം ശബരിമലയില്‍ തങ്ങിയാല്‍ മലയിടിഞ്ഞു വീഴുമോ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചരണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്നെന്ന് മനസിലാക്കി ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി ബി.ജെ.പിയുമായി ചേര്‍ന്ന് നടത്തിയ അഡ്ജസ്റ്റ്മെന്റാണ് അറസ്റ്റ്. എന്നാല്‍ ഈ ഭക്തി കാണിക്കുന്ന ബി.ജെ.പി, വിശ്വാസികള്‍ ശബരിമലയില്‍ പോകുന്ന വൃശ്ചികം ഒന്നിന് തന്നെ ചാടിക്കയറി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്തിനാണ്. അറസ്റ്റിനെതിരെ അവര്‍ക്ക് കോടതിയെ സമീപിക്കാമായിരുന്നുവെന്നും മുരളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *