ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19ലേക്ക് മാറ്റി

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഈ മാസം 19ലേക്ക് മാറ്റി. ഏഴ് മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കുന്നതിന് കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം കാരണം ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കണം എന്ന് ഇ.ഡി.അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ സമയം ഉണ്ടാകില്ലെന്നും കോടതി വ്യക്തമമാക്കി.

തുടര്‍ന്നാണ് ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അതിനാല്‍ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. കേസിലെ പ്രതിയായ അനൂപ് മുഹമ്മദില്‍നിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed