കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു.

1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്ബോഴാണ് കെ ആര്‍ ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവര്‍ക്ക് അംഗത്വം നല്‍കിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാര്‍, വി എസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ റവന്യൂ വകുപ്പ് ഏല്‍പിച്ചു. കേരള ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിക്കാനുള്ള നിയോഗവും അവര്‍ക്കായി.

1967, 80, 87 വര്‍ഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായ അവര്‍ 1994ല്‍ സി പി ഐ എമ്മില്‍നിന്ന് പുറത്തായി. തുടര്‍ന്ന് ജെ എസ് എസ് രൂപീകരിച്ച യു ഡി എഫില്‍ ചേര്‍ന്നു. അവസാനം യു ഡി എഫുമായി സ്വരച്ചേര്‍ച്ചയില്ലാതായി ആ മുന്നണി വിട്ടു.

1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സി പി ഐയിലും ഗൗരിയമ്മ സി പി എമ്മിലും ഉറച്ചുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *