മൃതദേഹം തടഞ്ഞുവച്ച സ്വകാര്യ ആശുപത്രിക്കു കാരണം കാണിക്കൽ നോട്ടിസ്

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കു ചെലവായ നാലര ലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിക്കു ജില്ലാ കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്.

കോവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ ബന്ധുക്കൾ 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കണമെന്നായിരുന്നു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം.

ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. മരണപ്പെട്ടയാളുടെ ചികിത്സാ ചെലവുകൾ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കൾക്ക് അധികൃതർ കൃത്യമായ ധാരണ നൽകിയിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണു കളക്ടർ ആശുപത്രി മാനേജ്‌മെന്റിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. രണ്ടു ദിവസത്തിനകം തൃപ്തകരമായ മറുപടി നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടിസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *