നികുതി ഒഴിവാക്കണമെന്ന മമതയുടെ ആവശ്യം തള്ളി കേ​ന്ദ്രം

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിന്​ ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും നികുതി ഒഴിവാക്കണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്തിന്​ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വാക്​സിനുള്ള​ അഞ്ച്​ ശതമാനവും മരുന്നുകള്‍ക്കും ഒാക്​സിജന്‍ കോണ്‍​സെന്‍ട്രേറ്ററുകള്‍ക്കുമുള്ള 12 ശതമാനവും നികുതി അവയുടെ ചെലവ്​ കുറക്കാന്‍ അത്യാവശ്യമാണെന്ന്​ ധനമന്ത്രി വ്യക്​തമാക്കി.

‘ജി.എസ്​.ടിയില്‍നിന്ന് പൂര്‍ണ ഇളവ് നല്‍കിയാല്‍ ആഭ്യന്തര ഉല്‍‌പ്പാദകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ക്കും സേവനങ്ങള്‍ക്കും അടച്ച നികുതി നികത്താന്‍ കഴിയില്ല. ഇതോടെ​ ഉപകരണങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവും. ഇത്​ ഉപഭോക്താക്കള്‍ക്ക്​ തിരിച്ചടിയായി മാറും.

കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്​. ഇന്‍റഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ്​ ലഭിക്കുന്നത്​. കോവിഡ്​ വാക്‌സി​ന്‍റ ജി.എസ്​.ടിയില്‍നിന്ന് പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങള്‍ക്കുമാണ്​. കൂടാതെ, കേന്ദ്രത്തിന്​ ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്​’  നിര്‍മല സീതാരാമന്‍ വ്യക്​തമാക്കി.

കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന്​ അഭ്യര്‍ത്ഥിച്ചാണ്​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്​ച കത്തെഴുതിയത്​.

Leave a Reply

Your email address will not be published. Required fields are marked *