ചൈനീസ് റോക്കറ്റ് വീണത് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച്‌ 5ബിയുടെ കോര്‍ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്.

റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്ന് യു എസ് സൈന്യത്തിന്റെ 18 സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രന്‍ വിഭാഗം പ്രവചിച്ചിരുന്നു.

ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിയോടടുപ്പിച്ച്‌ മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോക്കറ്റ് വീണതെന്നാണ് ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചിരിക്കുന്നത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നും 1448 കിലോമീറ്റര്‍ ദൂരമേയുള്ളു.

ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റ് വിക്ഷേപിച്ചത്. വിവിധ സ്‌പേസ് ഏജന്‍സികള്‍ റോക്കറ്റ് വീഴാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രവചിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് സമീപമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ത്യന്‍ സമയം, ഞായറാഴ്ച രാവിലെ 07.54നു അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ്, അക്ഷാംശം 2.65 ഡിഗ്രിക്കും രേഖാംശം 72.47 ഡിഗ്രിക്കും ഇടയിലാണ് പതിച്ചത്. റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍വച്ചു തന്നെ കത്തിനശിച്ചതായും ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫിസ് അറിയിച്ചു.

ചൈനയുടെ സ്വപ്നപദ്ധതി ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം വിട്ടത്

Leave a Reply

Your email address will not be published. Required fields are marked *