കോവിഡ് ചികിത്സയ്ക്ക് പോസിറ്റീവ് പരിശോധനാഫലം വേണ്ട; മാനദണ്ഡം പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. കോവിഡ് ചികിത്സയ്ക്ക് ഇനിമുതല്‍ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. രോഗലക്ഷണമുള്ള ആര്‍ക്കും ആശുപത്രിയില്‍ ഇനിമുതല്‍ ചികിത്സ തേടാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറത്തിയ പുതിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്.

രാജ്യത്ത് ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുതെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നുണ്ട്. ഇനിമുതല്‍ സ്വകാര്യ ആശുപത്രികളില്‍ അടക്കം ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായി വരും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന ഏത് രോഗിക്കും കോവിഡ് ആരോഗ്യ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഓക്സിജന്‍, മറ്റു അവശ്യമരുന്നുകള്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റ് തടസ്സമാകില്ല. സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചില ആശുപത്രികളില്‍ ആ പ്രദേശത്തുക്കാരനാണെന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാലെ പ്രവേശനം നടത്തുന്നുണ്ടായിരുന്നുള്ളൂ. ആശുപത്രികളുടെ ഈ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാകണം ആശുപത്രികളിലെ പ്രവേശനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത വ്യക്തികള്‍ക്ക് കിടക്കകള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കണം.

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് പരിചരണം നല്‍കുന്നതിന് കോവിഡ് കെയര്‍ സെന്ററുകളില്‍ സൗകര്യമൊരുക്കണം. ഗുരുതര ലക്ഷണം ഉള്ളവരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *