സൗജന്യ കിറ്റ് അടുത്തയാഴ്ച മുതല്‍

തിരുവനന്തപുരം: കോവിഡ്​ പശ്​ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സൗജന്യ ഭക്ഷ്യകിറ്റ് ഇത്തവണ ഇതരസംസ്​ഥാന തൊഴിലാളികള്‍ക്കും നല്‍കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് അടുത്തയാഴ്ച വിതരണം ചെയ്യും.

18-45 വയസുള്ളവര്‍ക്ക്​ ഒറ്റയടിക്ക് വാക്സീന്‍ നല്‍കാന്‍ കഴിയില്ല. ഈ പ്രായക്കാരില്‍ മറ്റുരോഗമുള്ളവര്‍ക്കും കോവിഡ്​ രോഗികളുമായി അടുത്തിടപഴകുന്ന വാര്‍ഡുതല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡുതല സമിതിയിലുള്ളര്‍ക്കു സഞ്ചരിക്കാന്‍ പാസ് അനുവദിക്കും.

ബാങ്കുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കി ചുരുക്കി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്​ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തു പോകുന്നവര്‍ പൊലീസില്‍നിന്ന് പാസ് വാങ്ങണം. 25000 പൊലീസുകാരെ കോവിഡ്​ ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടുണ്ട്​. കേരളത്തിനു പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണം.

ലോക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്​ഷോപ്പുകള്‍ ആഴ്ചാവസാനം രണ്ടുദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. പള്‍സ് ഓക്സീമീറ്ററുകള്‍‌ക്ക് അമിത നിരക്ക്​ ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *