ഓക്‌സിജന്‍ മുടങ്ങില്ല; ജില്ലയില്‍ ഓക്‌സിജന്‍ വാര്‍ റൂം സജ്ജം

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല ഓക്‌സിജന്‍ വാര്‍ റൂം തുറന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്‌സിജന്‍ എത്തിക്കുന്നതിനും വിവിധയിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ സംഭരിക്കുന്നതിനുമുള്ള 24 മണിക്കൂര്‍ സംവിധാനമായാണ് ഓക്സിജന്‍ വാര്‍ റൂം തുറന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
വഴുതക്കാട് വിമന്‍സ് കോളജ് ഓഡിറ്റോറിയമാണു ജില്ലാതല ഓക്‌സിജന്‍ സംഭരണ കേന്ദ്രം. ജില്ലയ്ക്കു വരും ദിവസങ്ങളില്‍ ആവശ്യമായ മുഴുവന്‍ ഓക്‌സിജനും ഇവിടെ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. എച്ച്.എല്‍.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം അടക്കം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സംഭരിച്ചിട്ടുള്ളതും ഫയര്‍ഫോഴ്‌സ് അടക്കമുള്ളവയുടെ പക്കല്‍ ഉള്ളതുമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ചു വിമന്‍സ് കോളേജിലെ സംഭരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ ഇവയുടെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യമുള്ളിടത്തേക്കു വിതരണം ചെയ്യുമെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു. സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
കളക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂമിലെ നിരീക്ഷണ സംഘം ജില്ലയിലെ ആശുപത്രകളിലെ ഓക്‌സിജന്‍ സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ട്. ആശുപത്രികളിലെ ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐ.സി.യു കിടക്കകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, നിലവില്‍ സ്റ്റോക്കുള്ള ഓക്‌സിജന്റെ അളവ്, അടുത്ത രണ്ടാഴ്ചത്തേക്കു ജില്ലയില്‍ ആവശ്യമുണ്ടായേക്കാവുന്ന ഓക്‌സിജന്റെ അളവ് എന്നീ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ഇവിടെ ശേഖരിക്കും. ഓക്‌സിജന്‍ ആവശ്യമുണ്ടായാല്‍ 7592939426, 7592949448 എന്ന ഓക്‌സിജന്‍ വാര്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം.
ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, സബ് കളക്ടര്‍മാരായ എം.എസ് മാധവിക്കുട്ടി, ചേതന്‍കുമാര്‍ മീണ, എ.ഡി.എം ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ് ഷിനു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് വാര്‍ റൂമിനു നേതൃത്വം നല്‍കുന്നത്. ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.റ്റി.സികള്‍ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
*ജില്ലയില്‍ മൂന്നു സി.എഫ്.എല്‍.റ്റി.സികള്‍ കൂടി*
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി കൂടുതല്‍ സി.എഫ്.എല്‍.റ്റി.സികളും ഡി.സി.സികളും(ഡൊമിസിലറി കെയര്‍ സെന്റര്‍) ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ സി.എഫ്.എല്‍.റ്റി.സികള്‍ വീതം പുതുതായി ഏറ്റെടുത്തിട്ടുണ്ട്. 200 പേര്‍ക്കുള്ള കിടക്കകള്‍ ഇവിടെയുണ്ട്. ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂരില്‍ പുതുതായി ഒരു ഡി.സി.സി ഏറ്റെടുത്തു. 100 പേരെ ഇവിടെ ഉള്‍ക്കൊള്ളിക്കാനാകും. ഇവിടങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഡി.സി.സികളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
*കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു*
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെല്ലമംഗലം, ചാല(മാര്‍ക്കറ്റ് പ്രദേശം ഒഴികെ), വഴുതക്കാട്, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ മൂതാംകോണം, കരവാരം ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ എരുത്താവൂര്‍, റസല്‍പുരം, പുന്നക്കാട്, തളയില്‍, ചാമവിള, മണലി, മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണാംകര, മണമ്പൂര്‍, കൊടിതൂക്കിക്കുന്ന്, കഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, അയിരൂര്‍, അണമുഖം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.
*ആംബുലന്‍സ് സാഹയത്തിനു നമ്പറുകള്‍*
ജില്ലയില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമുകളുടേയും കളക്ടറേറ്റിലെ വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ ആറ്റിങ്ങല്‍ – 0470 2620090നെടുമങ്ങാട് – 0472 2800004നെയ്യാറ്റിന്‍കര – 0471 2222257തിരുവനന്തപുരം – 0471 2471088, 0471 2477088കളക്ടറേറ്റ് വാര്‍ റൂം – 0471 2733433, 1077, 9188610100കളക്ടറേറ്റ് വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂം – 0471 2731330

Leave a Reply

Your email address will not be published. Required fields are marked *