വാക്‌സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒറ്റഡോസ് വാക്‌സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്‌സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.

കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച്‌ നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും പൂര്‍ണ്ണമനസ്സോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *