കോവിഡ്‌ രണ്ടാം തരംഗം ഗ്രാമങ്ങളെയും ബാധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം : ടിപിആര്‍ വര്‍ധന കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ഛസ്ഥായിയില്‍ എത്താന്‍ ഇനിയും സമയം എടുക്കുമെന്നും, രോഗികള്‍ ഇനിയും കൂടും എന്ന് പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

രണ്ടാം തരംഗം ഇന്ത്യയില്‍ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇത് ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗ്രാമീണ മേഖലയിലേക്ക് കൂടി ഇന്ത്യയില്‍ കോവിഡ് രണ്ടാം വ്യാപനം വ്യാപിച്ചെന്ന് പറയുന്നു. മരണം വര്‍ധിക്കാന്‍ ഇത് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ പ്രതിസന്ധിയാക്കി. പഞ്ചാബിലെ 80 ശതമാനം പേര്‍ ലക്ഷണം കൂടിയപ്പോഴാണ് ചികിത്സ തേടിയത്. കേരളത്തിലും ഗ്രാമീണ മേഖലയില്‍ രോഗവ്യാപനം കൂടുതലാണ്. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം കുറവാണെന്നതും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനം മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്.

എങ്കിലും നിയന്ത്രണം ഗ്രാമ മേഖലകളിലും അനിവാര്യമാണ്. നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ആ കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്റീനില് കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച്‌ ഓക്സിജന്‍ നില ഇടയ്ക്ക് പരിശോധിക്കണം. ആര്‍ക്കെങ്കിലും ചികിത്സ ലഭിക്കാതെ ഉണ്ടാകാതെ നോക്കണം. 50 ശതമാനം പേരിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണ്. ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രശ്നമാണ്. അവനവന്റെ വീടുകളില്‍ സുരക്ഷാ വലയം തീര്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണം. വയോജനങ്ങളും കുട്ടികളും ഇടപെടുമ്ബോള്‍ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീടില്‍ നിന്ന് പുറത്തിറങ്ങരുത്.

സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തില്‍ വാങ്ങുക. ഡബിള്‍ മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്ബോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയാക്കണം. കുളിക്കാനാവുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. തുമ്മല്‍, ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ എന്നിവ കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റ് വീടുകളില്‍ പോകേണ്ടതുണ്ടെങ്കില്‍ മാസ്ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ധരിച്ചുമാണ് പോകേണ്ടത്.

കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനല്‍ അടച്ചിടരുത്. അവ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. രോഗം പകരാനുള്ള സാധ്യത കുറയും. ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാന്റിലുകള് സ്വിച്ചുകള്‍, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏല്‍ക്കാത്ത ഇടമായി വീടുകളെ മാറ്റാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം.

സര്‍ജ് കപ്പാസിറ്റി ഉയര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതൊന്നും മതിയാകാത്ത സാഹചര്യം രോഗവ്യാപനം വളര്‍ന്നാലുണ്ടാകുമെന്ന് മുന്‍കൂട്ടി കാണണം. ആരോഗ്യവകുപ്പിലെ എല്ലാവരും വലിയ സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ടാണ് ജോലി ചെയ്യുന്നത്. അതിനിയും കൂടരുത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്സീനാണ്. നല്ല രീതിയില്‍ ആ വാക്സീന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്സീന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് ഉപയോഗിക്കാനായി. 7424166 ഡോസ് വാക്സീന്‍ നാം ഉപയോഗിച്ചത് ഇങ്ങനെ. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സീന്‍ വിതരണം ചെയ്യാനായത് ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേകിച്ച്‌ നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് നേടിയത്. വാക്സീന്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സീന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാനാവും വിധം വാക്സീന്‍ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണം, ദൗര്‍ലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു.

എല്ലാ വാക്സീനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമാകാനുള്ള അഭ്യര്‍ത്ഥന മാനിച്ച്‌ പുതുതായി 11 സ്വകാര്യ ആശുപത്രികള്‍ കൂടി പദ്ധതിയുടെ ഭാഗമായി. കൂടുതല്‍ ആശുപത്രികള്‍ ഈ പാത പിന്തുടരണം. കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവും.

വന്‍കിട നിര്‍മ്മാണ സ്ഥലത്ത് ജോലിക്കാര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണം. അല്ലെങ്കില്‍ വാഹന സൗകര്യം ഉറപ്പാക്കണം. വീട്ടുജോലിക്കാരുടെയൊക്കെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമ മുറകള്‍ക്ക് പൊതു സ്ഥലം ഉപയോഗിക്കരുത്. വീടും വീട്ടുപരിസരവും മാത്രമേ ഉപയോഗിക്കാവൂ. പൊതു സ്ഥലത്ത് പോകുന്നവര്‍ രണ്ട് മാസ്ക് ധരിക്കണം. പലരും ഈ നിര്‍ദ്ദേശം പാലിക്കുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗം വ്യാപിക്കുന്നത് തടയാനുമാണിത്. അത് കൃത്യമായി പാലിക്കണം. രണ്ട് മാസ്കില്‍ ആദ്യം സര്‍ജിക്കല്‍ മാസ്കും പുറമെ തുണിമാസ്കുമാണ് ഉപയോഗിക്കേണ്ടത്. കച്ചവടക്കാരും ജീവനക്കാരും മാര്‍ക്കറ്റുകളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.

ഓക്സിജന്‍, മരുന്നുകള്‍ മുതലായവ അവശ്യ വസ്തുക്കളാണ്. ഇതുമായി പോകുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ തടസം ഉണ്ടാകരുത്. ആവശ്യമെങ്കില്‍ പൊലീസ് എസ്കോര്‍ട്ടും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *