തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്‌നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബാലചന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *