വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍; കര്‍ശന കോവിഡ് ജാഗ്രത

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മേയ് 02 രാവിലെ എട്ടു മുതല്‍. രാവിലെ എട്ടിന് തപാല്‍ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നാണു പ്രതീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

14 കേന്ദ്രങ്ങളിലായാണു ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത്. ഇതില്‍ 10 മണ്ഡലങ്ങളുടെ വോട്ടുകള്‍ നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വിവിധ കേന്ദ്രങ്ങളിലും നാലെണ്ണം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്.(വട്ടിയൂര്‍ക്കാവ് മണ്ഡലം), മണക്കാട് ജി.എച്ച്.എസ്.എസ്.(തിരുവനന്തപുരം), ലൊയോള സ്‌കൂള്‍(കഴക്കൂട്ടം), കോട്ടണ്‍ഹില്‍ ജി.എച്ച്.എസ്.എസ്.(നേമം) എന്നിവിടങ്ങളിലുമാണു നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇന്നലെ (01 മേയ്) രാവിലെ അണുവിമുക്തമാക്കി. ഇന്ന് വോട്ടെണ്ണല്‍ ജോലികള്‍ക്കു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരേയും സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാരായി നിയോഗിച്ചിരിക്കുന്നവരേയും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ.

രാവിലെ ആറിന് സ്ട്രോങ് റൂമുകള്‍ തുറക്കും. വോട്ടെണ്ണലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചിരിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ അതതു വരണാധികാരികളാണു സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ടേബിളുകളിലേക്കു മാറ്റും. ബൂത്ത് നമ്പര്‍ ക്രമത്തിലാണു യന്ത്രങ്ങള്‍ ടേബിളുകളില്‍ സജ്ജീകരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്നു ഹാളുകളിലായാണു വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ ഏഴു ടേബിളുകളുണ്ടാകും. ഇങ്ങനെ മൂന്നു ഹാളുകളിലുമായി 21 ടേബിളിലാണ് ഒരു റൗണ്ട് വോട്ടെണ്ണുന്നത്. 15 – 16 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

തപാല്‍ വോട്ടുകള്‍ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. തിരികെ ലഭിക്കുന്ന തപാല്‍ വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിക്കും. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാല്‍ വോട്ടുകള്‍ രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണി തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.

ഏതൊക്കെ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസര്‍ നറുക്കിട്ടു തീരുമാനിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും ഫല നിര്‍ണയത്തിന് ഉപയോഗിക്കുകയെന്നും കളക്ടര്‍ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇവ

1) വര്‍ക്കല – സര്‍വോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ
സില്‍വര്‍ ജൂബിലി ഓഡിറ്റോറിയം
2) ആറ്റിങ്ങല്‍ – സര്‍വോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ
സെന്റ് പീറ്റേഴ്സ് ബ്ലോക്ക്
3) ചിറയിന്‍കീഴ് – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം
4) നെടുമങ്ങാട് – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്.
5) വാമനപുരം – മാര്‍ ഇവാനിയോസ് കോളജിന്റെ
മെയിന്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നില
6) അരുവിക്കര – മാര്‍ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ മൂന്നാം നില
7) പാറശാല – സര്‍വോദയ സി.ബി.എസ്.ഇ. സ്‌കൂള്‍
8) കാട്ടാക്കട – മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ്
9) കോവളം – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്
10) നെയ്യാറ്റിന്‍കര – മാര്‍ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ
ഗ്രൗണ്ട് ഫ്ളോര്‍
11) കഴക്കൂട്ടം – ലയോള സ്‌കൂള്‍, ശ്രീകാര്യം
12) വട്ടിയൂര്‍ക്കാവ് – സെന്റ് മേരീസ് സ്‌കൂള്‍ പട്ടം
13) തിരുവനന്തപുരം – മണക്കാട് ഗേള്‍സ് എച്ച്.എസ്.എസ്.
14) നേമം – കോട്ടണ്‍ഹില്‍ ഗേള്‍സ്
ഹയര്‍ സെക്കന്‍ഡറി സ്—കൂള്‍

ഫലമറിയാന്‍ വിപുലമായ ക്രമീകരണങ്ങള്‍

മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ https://results.eci.gov.inല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. ‘വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പി’ലൂടെയും ഫലം അറിയാം.

മാധ്യമങ്ങള്‍ക്കു തെരഞ്ഞെടുപ്പു ഫലങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നതിനായി നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലും മറ്റു നാലു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും പ്രത്യേക മീഡിയ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ‘ട്രെന്റ് ടിവി’ വഴിയാണ് ഇവിടെ വോട്ടെണ്ണല്‍ വിവരങ്ങള്‍ നല്‍കുന്നത്.

വിജയാഹ്ലാദ പ്രകടനം പാടില്ല

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു പുറത്തോ ജില്ലയുടെ മറ്റു ഭാഗങ്ങളിലോ യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ അനുവദിക്കില്ലെന്നു ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള വാരാന്ത്യ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും ഇന്നു (02 മേയ്) വീടുകളില്‍നിന്നു പുറത്തേക്കിറങ്ങരുത്. പ്രാദേശികമായോ അല്ലാതെയോ യാതൊരു ആഘോഷ, ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്നും എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ കക്ഷികളും സംഘടനകളും പൂര്‍ണ സഹകരണവും പിന്തുണയും നല്‍കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *