നിയമസഭാ ദിനം ആഘോഷിച്ചു

പാരന്റിംഗ് ക്ലിനിക്കുകൾ വെള്ളിയാഴ്ചകളിൽ

വാരാന്ത്യ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിലവിൽ വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി ഭാഗമായി ശനിയാഴ്ചകളിൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിൽ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ലോക്ഡൗൺ തീരുന്നത് വരെ വെള്ളിയാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കും. കണ്ടൈൻമെന്റ് മേഖലകളിൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതല്ല.
രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് പ്രവർത്തന സമയം. ശാസ്ത്രീയമായ രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിംഗ് സൗകര്യം ഒരുക്കുന്നതിനു ആവശ്യാനുസരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും റഫറൽ അടിസ്ഥാനത്തിൽ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനും ആയി ഫെബ്രുവരി മുതലാണ് ക്ലിനിക്കുകൾ ആരംഭിച്ചത്. നിലവിൽ ക്ലിനിക്കുകൾ ബ്ലോക്ക് കോർപ്പറേഷൻ തലത്തിൽ ന്യൂട്രിഷൻ ക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിച്ചു വരുന്നത്. സ്‌കൂൾ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.

നിയമസഭാ ദിനം ആഘോഷിച്ചു

നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ സന്നിഹിതനായിരുന്നു. തുടർന്ന്, നിയമസഭയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപം സ്പീക്കർ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട കുളമാവിന്റെ തൈ നട്ടു.
രാവിലെ 11.30ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ധന്യസ്മൃതി-കെ.എം.മാണി സ്മരണിക, ഉമ്മൻചാണ്ടി-നിയമസഭയിലെ 50 വർഷങ്ങൾ എന്നിവ ഉൾപ്പെടെ 9 പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ സാമാജികരായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഒ. രാജഗോപാൽ, കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, എൽദോസ് പി. കുന്നപ്പിള്ളിൽ, എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരും നിയമസഭാ സെക്രട്ടറിയും സന്നിഹിതരായിരുന്നു. പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായക്ഷേമവും നിയമവും സാസ്‌കാരികവും പാർലമെന്ററികാര്യവും വകുപ്പുമന്ത്രി എ.കെ. ബാലൻ, നിയമസഭാ സാമാജികരായ കെ.സി. ജോസഫ്, എസ്. രാജേന്ദ്രൻ, പുരുഷൻ കടലുണ്ടി, പി.അയിഷാ പോറ്റി, ബി. സത്യൻ എന്നിവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിച്ച നിയമസഭാ സെക്രട്ടേറിയറ്റിലെ ആരോഗ്യ പ്രവർത്തകരെയും നിയമസഭാ സമുച്ചയത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ കൃഷി ഓഫീസറെയും സ്പീക്കർ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *