വാക്‌സീന്‍ എത്തിക്കാന്‍ നടപടിയെടുക്കൂ, എന്നിട്ടാകാം വിമര്‍ശനം: വി മുരളീധരനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം : കൊവിഡ് വിഷയത്തില്‍ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സീന്‍ ലഭിക്കുന്നതിന് ഇടപെടാതെ വെറും വിമര്‍ശനങ്ങളുമായി മുന്നോട്ടു പോവുകയാണ് മുരളീധരന്‍. സംസ്ഥാനത്തെ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്സീന്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. വാക്സീന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നു നിര്‍മാണ കമ്ബനികള്‍ക്ക് അനുമതി നല്‍കിയ പ്രധാന മന്ത്രിയെ തിരുത്താനാണ് മന്ത്രി ആദ്യം ശ്രമിക്കേണ്ടത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ഉത്തരവാദിത്തം നിര്‍വഹിച്ച ശേഷം വിമര്‍ശനം ഉന്നയിച്ചാല്‍ അതിന് അന്തസ്സുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍. വാക്സീന്‍ കമ്ബനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരം നല്‍കിയിട്ട് കൈയും കെട്ടി നോക്കിയിരിക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് തകര്‍ത്തയാളാണ് നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഐക്യമാണ് വേണ്ടത്. ജനങ്ങളുടെ ജീവനാണ് പ്രധാന്യം നല്‍കേണ്ടതെന്നും അല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചക്കളത്തി പോരാട്ടം നടത്തുകയല്ല ചെയ്യേണ്ടതെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്‌ ആവശ്യമായ ക്രമീകരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *