വാക്സിനേഷന്‍: തിരക്ക് ഒഴിവാക്കാന്‍ സമയക്രമം പാലിക്കണമെന്നു കളക്ടര്‍*

തിരുവനന്തപുരം: ജില്ലയില്‍ വാക്സിനെടുക്കാനുള്ള എല്ലാവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്തു ലഭിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഓരോ ദിവസവും അപ്പോയ്ന്റ്മെന്റ് ലഭിക്കുന്ന മുഴുവന്‍ പേര്‍ക്കും സമയക്രമമനുസരിച്ചു വാക്സിന്‍ നല്‍കാന്‍ എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സാമൂഹിക അകലവും മറ്റു കോവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിച്ചു വേണം വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടതെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.
ഓരോ കേന്ദ്രങ്ങളിലേയും വാക്സിന്‍ ലഭ്യതയനുസരിച്ചാണു കോവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ ടൈം സ്ലോട്ട് തിരഞ്ഞെടുക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഇത് എല്ലാവരും ഉപയോഗിക്കണം. കോവിന്‍ പോര്‍ട്ടലില്‍ ലഭിക്കുന്ന അപ്പോയിന്റ്മെന്റ് സ്ലിപ്പില്‍ കാണിച്ചിരിക്കുന്ന സമയത്തു മാത്രം കേന്ദ്രങ്ങളിലെത്തിയാല്‍മതി. അപ്പോയ്ന്‍്മെന്റ് ലഭിച്ചവര്‍ക്ക് അതേ ദിവസംതന്നെ വാക്സിന്‍ ലഭിക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കളക്ടര്‍ പറഞ്ഞു.
വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവര്‍ക്കും പരമാവധി വേഗത്തില്‍ വാക്സിനെടുത്തു മടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അപ്പോയിന്റ്മെന്റ് സ്ലിപ്പിലെ ടൈം സ്ലോട്ട് പ്രകാരം എത്തുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മുന്‍ഗണനാ ക്രമമനുസരിച്ചു ടോക്കണ്‍ നല്‍കും. ടോക്കണ്‍ വിളിക്കുന്നതുവരെ വിശ്രമിക്കാന്‍ എല്ലായിടത്തും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും അവശതയുള്ളവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളും സജ്ജമാണ്.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. അനാവശ്യ തിക്കും തിരക്കമുണ്ടാക്കരുത്. മൂക്കും വായും മൂടത്തക്കവിധം മാസ്‌ക് ധരിക്കണം. പൊതു ഇടങ്ങളില്‍ സ്പര്‍ശിക്കരുത്. സ്പര്‍ശിക്കേണ്ടിവന്നാല്‍ നിര്‍ബന്ധമായും കൈകള്‍ സാനിറ്റൈസ് ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *