കോവിഡ് വാക്സിന്‍ വിതരണം 100 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ വിതരണം ആഗോളതലത്തില്‍ ശനിയാഴ്ച 100 കോടി ഡോസുകള്‍ പിന്നിട്ടു .ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ 100 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് കോവിഡ് പ്രതിരോധത്തിന് പ്രത്യാശ നല്‍കുന്നു .അതെ സമയം ഇന്ത്യയില്‍ കോവിഡ് – രണ്ടാം തരംഗം അപ്രതീക്ഷിതമായി രൂക്ഷമാവുകയും ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തത് ഒരു പരിധി വരെ ആഗോളതലത്തിലെ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവിനിടയാക്കി .

207 രാജ്യങ്ങളിലും അതിര്‍ത്തി മേഖലകളിലുമായി 1,00,29,38,540 വാക്‌സിന്‍ ഡോസുകള്‍ ഇതു വരെ വിതരണം ചെയ്തതായി എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു . പ്രതിദിന രോഗികളുടെ എണ്ണം വെള്ളിയാഴ്ച 8,93,000 ആയി രേഖപ്പെടുത്തിയതോടെ ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കായി ഇത് മാറി. ഇതില്‍ മൂന്നില്‍ ഒരു ഭാഗം രോഗികള്‍ ഇന്ത്യയിലാണ്. തുടര്‍ച്ചയായിപ്രതിദിന കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന ഇന്ത്യയില്‍ ശനിയാഴ്ച 3,46,786 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

2019 ഡിസംബറില്‍ ചൈനയില്‍ തുടക്കമിട്ട വൈറസ് വ്യാപനം ലോകത്താകമാനം ഇതു വരെ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നതായാണ് കണക്ക്. ബ്രസീലില്‍ 2021 ഏപ്രിലില്‍ മാത്രം 68,000 പേര്‍ കോവിഡ് മൂലം മരിച്ചു. അതെ സമയം അടുത്തകാലത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത് ബ്രസീലിനെയാണ്. ഇതിനിടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിലുണ്ടായ അശ്രദ്ധ ബാഗ്ദാദിലെ കോവിഡ് ആശുപത്രിയിലെ തീപ്പിടിത്തം ഗുരുതരമാക്കുകയും 23 പേരുടെ ജീവനെടുക്കുകയും ചെയ്തു.

അതെ സമയം ഇന്ത്യയില്‍ ശനിയാഴ്ച 2,624 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ആവശ്യമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ വിതരണത്തിനായി ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. രാജ്യത്തിനകത്ത് ഓക്‌സിജന്‍ ടാങ്കറുകളും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കാന്‍ വ്യോമസേനയും രംഗത്തുണ്ട്. കൂടാതെ സിങ്കപ്പുരില്‍ നിന്ന് ഓക്‌സിജന്‍ ഉപകരണങ്ങളെത്തിക്കുന്ന ഉത്തരവാദിത്വവും വ്യോമസേന ഏറ്റെടുത്തു. കോവിഡ് വ്യാപനനിരക്കില്‍ കുറവ് രേഖപ്പെടുത്താത്തതിനാല്‍ ആഗോളരാജ്യങ്ങള്‍ കോവിഡ് വാക്‌സിനുകളിലാണ് തങ്ങളുടെ പ്രതീക്ഷ പുലര്‍ത്തുന്നത്. ഇന്ത്യക്ക് വാക്സിന്‍ നല്‍കാനായി ചൈനയും പാകിസ്ഥാനും വാഗ്ദാനം നല്‍കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

You may missed