തൃശൂര്‍ പൂരത്തിനിടെ മരംവീണ് അപകടം, രണ്ടുപേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായി രണ്ടുപേര്‍ മരിച്ചു. തിരുവമ്ബാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തിരുവമ്ബാടി ദേവസ്വം അംഗങ്ങളായ രണ്ട് പേരാണ് മരിച്ചത്. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച്‌ മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

ബ്രഹ്‌മസ്വം മഠത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. മരം വീണ ഉടന്‍ ആന ഭയന്നു ഓടി.

കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്.

വൈദ്യുതി കമ്ബിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈദ്യുതി ആഘാതം ഏല്‍ക്കുകയും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *