ഏപ്രിൽ 24, 25 കർശന നിയന്ത്രണം;  സഹകരിക്കണമെന്നു കളക്ടർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 24, 25 സർക്കാർ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. രോഗവ്യാപനം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളോടു ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

* ഏപ്രിൽ 24, 25 അവശ്യ സർവീസുകളുമായി ബന്ധപ്പെട്ടും അടിയന്തര ആവശ്യങ്ങൾക്കും മാത്രമേ ആളുകൾ പുറത്തിറങ്ങാൻ പാടുള്ളൂ.

* ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പാൽ, മത്സ്യം, മാസം തുടങ്ങിയവ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാം. ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം കുറയ്ക്കുന്നതിനായി സാധനങ്ങളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. എല്ലാ പ്രവർത്തനങ്ങളും പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.

* ടേക്ക് എവേ, പാഴ്‌സൽ സേവനങ്ങൾക്കു മാത്രമേ ഹോട്ടലുകളും റസ്റ്റന്റുകളും തുറക്കാൻ പാടുള്ളൂ.

* റവന്യൂ, ഇലക്ഷൻ, ആരോഗ്യം, കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, മാധ്യമങ്ങൾ തുടങ്ങി അവശ്യ സർവീസുകളിലെ ജീവനക്കാർക്കു യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.

* പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കു നിയന്ത്രണങ്ങളുണ്ടാകില്ല.

* നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം തടസമില്ലാതെ നടക്കും. എല്ലാ ജീവനക്കാരും അവരവരുടെ പരിശീലന കേന്ദ്രങ്ങളിൽ എത്തണം. ഇവർക്ക് യാത്രാ നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാ ജീവനക്കാരും അവരുടെ പോസ്റ്റിങ് ഓർഡറും തിരിച്ചറിയൽ കാർഡും നിർബന്ധമായും കൈയിൽ കരുതണം.

* എല്ലാ ബീച്ചുകളും പാർക്കുകളും മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും (ഏപ്രിൽ 24, 25) അടച്ചിടും.

* അടിയന്തര ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതും 24 മണിക്കൂർ പ്രവർത്തിക്കേണ്ടതുമായ വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈയിൽ കരുതണം.

* ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും തിരിച്ചറിൽ കാർഡ് നിർബന്ധമായി കൈയിൽ കരുതണം. ഐടി സ്ഥാപനങ്ങൾ അത്യാവശ്യ ജീവനക്കാരെ മാത്രം ജോലിക്ക് ഓഫിസിൽ നിയോഗിക്കണം.

* ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാനയാത്രകൾ എന്നിവ അനുവദിനീയമാണ്. വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ് ടെർമിനലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ടാക്‌സികൾ എന്നിവ അനുവദിക്കും. സാധുവായ യാത്രാ രേഖകളും ടിക്കറ്റുകളും കാണിച്ചാൽ മാത്രമേ ഇവിടങ്ങളിലേക്കുള്ള സഞ്ചാരം അനുവദിക്കൂ.

* കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അനുവാദമുണ്ടാകുമെങ്കിലം കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *