പ്രധാനമന്ത്രി നാളെ അവലോകനയോഗം വിളിച്ചു;​ ബംഗാളിലെ റാലികള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ നിലവിലെ സാഹചര്യവും പ്രതിരോധ നടപടികളും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി നാളെ നടത്താനിരുന്ന പശ്ചിമ ബംഗാള്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുമെന്നും അതിനാല്‍ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. മാല്‍ഡ, മുര്‍ഷിദാബാദ്, കൊല്‍ക്കത്ത, ബോല്‍പുര്‍ എന്നിവിടങ്ങളിലാണ് നാളെ പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 500ല്‍ താഴെ മാത്രം ആളുകള്‍ പങ്കെടുക്കുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. ഉന്നതതല യോഗത്തിന്റെ ഭാഗമായി നാളെ ഡല്‍ഹിയില്‍ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്.

അതേസമയം, ഒരു ദിവസം രാജ്യത്ത് മൂന്നു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ ഇതാദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണ് ഇത്. 24 മണിക്കൂറിനിടെ 3,14,835 കേസുകളാണ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം രണ്ടായിരം കടന്നു. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തിലേക്ക് ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *