സൗജന്യ ഓക്‌സിജന്‍ എത്തിക്കാന്‍ തയാറെന്ന് മുകേഷ് അംബാനി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സൗജന്യമായി ഓക്‌സിജന്‍ എത്തിക്കാന്‍ തയാറെന്ന് മുകേഷ് അംബാനി.

ജാംനഗര്‍ ഓയില്‍ റിഫൈനറിയില്‍ നിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ തയാറെടുക്കുന്നത്. പ്രതിദിന ഓക്‌സിജന്‍ ഉല്‍പാദനം 700 ടണ്ണിലധികമായി റിലയന്‍സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എഴുന്നൂറില്‍ നിന്ന് ആയിരം ടണ്ണിലെത്തിക്കാനാണ് ശ്രമമെന്നും റിലയന്‍സ് വ്യക്തമാക്കി. ഇതോടെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും റിലയന്‍സിന്റെ സൗജന്യ ഓക്‌സിജന്‍ എത്തും.

അസംസ്‌കൃത എണ്ണയില്‍ നിന്നും ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ജാംനഗര്‍ റിഫൈനറികളില്‍ നടക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓക്‌സിജന്‍ ഉല്‍പാദനത്തിനുള്ള ഉപകരണങ്ങള്‍ റിലയന്‍സ് സ്ഥാപിക്കുകയായിരുന്നു. ഈ പ്ലാന്റില്‍ നിന്നും ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ ഓരോ ദിവസവും 700 ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ട്.

മൈനസ് 183 ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേക ടാങ്കറുകളില്‍ ഗതാഗതം ഉള്‍പ്പെടെ ഓക്‌സിജന്റെ മുഴുവന്‍ വിതരണവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായാണ് നല്‍കുന്നതെന്നും റിലയന്‍സ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍കൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും സൗജന്യമായി ഓക്‌സിജന്‍ തങ്ങളെത്തിക്കുന്നതെന്നും റിലയന്‍സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *