ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ശ്രീകോവിലിന് മുന്നില്‍ ഒരേ സമയം പത്ത് പേര്‍ക്ക് മാത്രമാകും ദര്‍ശനം അനുവദിക്കുക. ക്ഷേത്രത്തിലെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിനുള്ളിലും ഭക്തര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. അന്നദാനം ഉണ്ടായിരിക്കില്ല. ആനകളെ ക്ഷേത്ര ചടങ്ങുകളില്‍ അനുവദിക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

10 വയസിന് താഴെ ഉള്ളവര്‍ക്കും 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതി ഉണ്ടായിരിക്കില്ല. പൂജാ സമയം രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെ ആയിരിക്കും. ഇത് അനുസരിച്ച്‌ പൂജാ ക്രമങ്ങളില്‍ മാറ്റം വരുത്തണം എന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *