ബന്ധു നിയമനം അഴിമതി തന്നെ: ഹൈക്കോടതി

കൊച്ചി:  ബന്ധു നിയമത്തില്‍ ലോകായുക്ത ഉത്തരവിനെതിരേ രാജിവച്ച മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കെ.ടി. ജലീല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാനത്ത് ഔദ്യോഗിക പദവി സ്വാര്‍ഥലാഭത്തിനായി ഉപയോഗിക്കുന്നത് വ്യാപകമെന്ന് നിരീക്ഷിച്ചു . ഔദ്യോഗിക പദവിയോ സംവിധാനമോ സ്വാര്‍ഥലാഭത്തിന് ഉപയോഗിക്കുന്നത് അഴിമതിയാണെന്നും കോടതി വിലയിരുത്തി.

ലോകായുക്ത ഉത്തരവിനെതിരായ കെ.ടി.ജലീലിന്റെ വാദങ്ങളെല്ലാം പൂര്‍ണമായി കോടതി തള്ളി. ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കുക പോലും ചെയ്യാതെയാണ് ജലീലിന്ഞറെ അപേക്ഷ ഹൈക്കോടതി തള്ളിയത്. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ച ശേഷമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്ന ജലീലിന്റെ വാദം ശരിയല്ല. ജലീല്‍ അടക്കം എല്ലാ കക്ഷികള്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നു. കൂടുതല്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ വീണ്ടും അവസരവും സമയവും വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്കുള്ള നിയമനത്തിന്റെ യോഗ്യതകള്‍ നിശ്ചയിച്ചത് ജലീല്‍ സ്വന്തം നിലയ്ക്കാണ്. ഇക്കാര്യത്തില്‍ കോര്‍പറേഷനുമായി ജലീല്‍ കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങളാല്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ലോകായുക്തയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചും ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *