ജില്ലയിൽ കോവിഡ് നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കും : കളക്ടർ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും ദൈനംദിന സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം എല്ലാ ദിവസവും ചേരുമെന്നും കളക്ടർ പറഞ്ഞു.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു പുറത്തിറങ്ങാവൂ എന്നു കളക്ടർ അഭ്യർഥിച്ചു. കുട്ടികളും പ്രായമായവരും ഗർഭിണികളും വീടിനള്ളിൽത്തന്നെ കഴിയണം. ജില്ലയിൽ രാത്രി കർഫ്യൂ ശക്തമായി നടപ്പാക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെയുള്ള സമയത്ത് അവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. ജില്ലയിലെ എല്ലാ ഷോപ്പിങ് മാളുകളും തിയേറ്ററുകളും രാത്രി 7.30ന് നിർബന്ധമായും അടയ്ക്കണം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ പരമാവധി ആളുകളെ കുറച്ചു മാത്രം പ്രവേശിപ്പിക്കണം. പാഴ്‌സൽ നൽകുന്നതും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ വൈകിട്ട് 7.30ന് റെസ്റ്ററന്റുകളും ഹോട്ടലുകളും അടയ്ക്കണം. മറ്റിടങ്ങളിൽ ഒമ്പതു വരെ പ്രവർത്തിക്കാമെങ്കിലും ടേക്ക് എവേ കൗണ്ടർ അടക്കമുള്ള ഒരു പ്രവർത്തനങ്ങളും ഒമ്പതിനു ശേഷം അനുവദിക്കില്ല.

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ കഴിയുന്നതും വർക്ക് ഫ്രം ഹോം സമ്പ്രദായം ഏർപ്പെടുത്തണം. കോവിഡ് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ദ്രുതകർമ സംഘത്തെ സഹായിക്കാൻ വാർഡ് തലത്തിൽ അധ്യാപകരെ നിയോഗിച്ചു. ഇവർ കോവിഡ് നിരീക്ഷണം, സമ്പർക്ക പട്ടിക തയാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ദ്രുതകർമ സംഘത്തെ സഹായിക്കും. ഇവർ തയാറാക്കുന്ന വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് പൊലീസിനും നൽകാൻ കളക്ടർ നിർദേശിച്ചു.

വ്യാപാര കേന്ദ്രങ്ങൾ, കടകൾ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയവ പാലിക്കുന്നതു സംബന്ധിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വൈഭവ് സക്‌സേന, ജില്ലാ ഡെവ്‌ലപ്‌മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻ കുമാർ മീണ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *