കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കാനും കോവിഡ് ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുള്ള വിവിധ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്.

ചികിത്സയുടെ ഭാഗമായി ആവശ്യമായ ആന്റിജന്‍ കിറ്റ്, പി.പി.ഇ കിറ്റ്, തെര്‍മല്‍ സ്‌കാനര്‍ എന്നിവയും കോവിഡ് ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ തുടങ്ങുന്ന ഡി.സി.സി സെന്ററുകളില്‍ ആവശ്യമായ പള്‍സ് ഓക്സി മീറ്ററുകളും ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കും. ആശുപത്രികളെ ഏകോപിപ്പിക്കുന്നതിനായി വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ആശുപത്രിയുടെ ചുമതലകള്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും നെയ്യാറ്റിന്‍കര ആശുപത്രിയുടെ ചുമതലകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ഡിവിഷന്‍ മെമ്പറായ ബിനു എന്നിവര്‍ക്കും പേരൂര്‍ക്കട ആശുപത്രിയുടെ ചുമതലകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും നല്‍കി.

വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *