ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലെത്തുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലെത്തുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി ഉത്തരവ്​. സംസ്ഥാനത്ത്​ എത്തുന്നതിന്​ 48 മണിക്കൂര്‍ മുമ്ബോ, എത്തിയ ഉടനെയോ പരിശോധനക്ക്​ വിധേയരാവണം. എത്തിയ ഉടനെയാണ്​ പരിശോധന നടത്തുന്നതെങ്കില്‍ പരിശോധനാഫലം വരുന്നതുവരെ ക്വാറന്‍റീനിലിരിക്കണം. കോവിഡ്​ പ്രതിരോധ കുത്തിവെപ്പിന്​ വിധേയരായവരും ഈ നിര്‍ദേശം പാലിക്കണം.

കോവിഡ്​ വ്യാപകമായ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, മലയാളം സര്‍വകലാശാല, ​സംസ്​കൃത സര്‍വകലാശാല, സാ​ങ്കേതിക സര്‍വകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് ചീഫ്​ സെക്രട്ടറി അഞ്ചുകോടി രൂപ വീതം അനുവദിച്ച്‌​ ഉത്തരവിറക്കി. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക നല്‍കു​ന്നത്​. ജില്ല കലക്​ടര്‍മാര്‍ക്കാണ്​ തുക അനുവദിച്ചത്​. സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാമെന്നാണ്​ വിദഗ്​ധര്‍ മുന്നറിയിപ്പ്​ നല്‍കുന്നത്​. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഐ.സി.യു, വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്​.

സംസ്ഥാനത്ത്​ നടന്ന കൂട്ടപരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന്​ പുറത്തു വരും. അതിനാല്‍ തന്നെ പ്രതിദിന കോവിഡ്​ കണക്കുകളില്‍ വര്‍ധനവുണ്ടായേക്കാം. അതേസമയം സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന വാക്​സിന്‍ ക്ഷാമം ആശങ്കക്കിടയാക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *