കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ്. 45 വയസ്സില്‍ താഴെയുള്ളവരില്‍ പരിശോധന കൂട്ടും. അടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടരലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനങ്ങള്‍ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാന്‍ തയാറാകണം.

വെള്ളി, ശനി ദിവസങ്ങളിലായി രണ്ടു മുതല്‍ രണ്ടര ലക്ഷം വരെ ആളുകളെ പരിശോധനക്ക് വിധേയരാക്കും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ കാമ്ബയിന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വാക്‌സിന്‍ കിട്ടുന്ന മുറക്കായിരിക്കും ഇത്. ഇതിനു പുറമെ എന്‍ഫോഴ്‌സ്‌മെന്റ് കാമ്ബയിന്‍ നടത്താനും പദ്ധതിയുണ്ട്. നിലവില്‍ സ്‌റ്റോക്കുള്ളത് 7,25,300 ഡോസ് വാക്‌സിന്‍ ആണ്. ഇത് മുഴുവന്‍ കൊടുത്തുതീര്‍ക്കും. ഒരുകോടി ഡോക് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ആവശ്യമുണ്ട്. ഇന്ന് രണ്ട് ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കും.

പൊതു പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും അനുമതി വാങ്ങിയിരിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കായിരിക്കും. അടച്ചിട്ട മുറികളില്‍ 75 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം.

കടകള്‍ ഓണ്‍ലൈന്‍ ഡെലിവറി കൂട്ടണം. ട്യൂഷന്‍ ക്ലാസുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ബസുകളില്‍ നിന്ന് യാത്ര ചെയ്യരുത്. വിവാഹച്ചടങ്ങുകള്‍ക്ക് അനുമതി വേണ്ട. പക്ഷെ അറിയിക്കണം. പങ്കാളിത്ത പരിധി പാലിക്കണം. രാത്രി ഒമ്ബതിന് അടയ്ക്കണമെന്ന നിബന്ധന തിയേറ്ററുകള്‍ക്കും ബാറുകള്‍ക്കും ബാധകമാണ്.

പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. തൃശൂര്‍ പൂരം നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *