സുശീല്‍ ചന്ദ്ര പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: വിരമിച്ച സുനില്‍ അറോറയ്ക്ക് പകരക്കാരനായി പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു. ഇദ്ദേഹം ചൊവ്വാഴ്ച ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ചന്ദ്രയെ 24ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രയെ 2019 ഫെബ്രുവരി 14നു തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയും പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

2022 മെയ് 14 ന് ഇദ്ദേഹം സ്ഥാനമൊഴിയും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുശീല്‍ ചന്ദ്രയാണ് നടത്തുക. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ നിയമസഭകളുടെ കാലാവധി 2022 മാര്‍ച്ചിന് അവസാനിക്കുമ്ബോള്‍ ഉത്തര്‍പ്രദേശ് നിയമസഭയുടെ കാലാവധി 2022 മെയ് മാസത്തോടെ അവസാനിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷണറായി രണ്ടുവര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ച ചന്ദ്ര പത്തിലധികം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുകയും നാമനിര്‍ദ്ദേശ പ്രക്രിയ മുഴുവന്‍ ഓണ്‍ലൈനില്‍ ആക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി സംബന്ധമായ വിവരങ്ങള്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ച അതേ ദിവസം തന്നെ സത്യവാങ്മൂലം പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് എന്നിവയിലൂടെ പൊതു ഡൊമെയ്‌നില്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനത്തിന് മുമ്ബ് സിബിഡിടി ചെയര്‍മാനായിരുന്നു. അനധികൃത സ്വത്തും കള്ളപ്പണവും തടയാനായി 2017 ല്‍ സിബിഡിടി ‘ഓപറേഷന്‍ ക്ലീന്‍ മണി’ ആരംഭിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണ ഭീഷണി തടയാനായി ചന്ദ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed