മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടി; ജെയ്ക്കിനെതിരെ പരാതി

കോട്ടയം: മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതിന് പുതുപ്പള്ളി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ പരാതി.മന്നം യുവജനവേദി പ്രസിഡന്‍റ് കെ വി ഹരിദാസാണ് പരാതി നല്‍കിയത്‌.

മണർകാട് സെന്‍റ് മേരീസ് പള്ളിയിലെ സഹവികാരി ഫാ. എം. ഐ. തോമസ് മറ്റത്തിലിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ലഭിച്ചിരിക്കുന്നത്. ജെയ്ക്കിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ട് തേടിയതായാണ് പരാതി.

യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പോളിംഗ് ദിവസത്തിന് തൊട്ടു മുമ്പ് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കൂടാതെ വൈദികന്റെ ശബ്ദ സന്ദേശവും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചു, സഭാ തർക്കത്തിൽ യാക്കോബായ സഭയ്ക്കു വേണ്ടി നിയമനിർമാണം നടത്തും തുടങ്ങിയ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരത്തി എന്നതാണ് പ്രധാനമായും സഹവികാരിക്കെതിരെ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഫാ. എം. ഐ. തോമസ് മറ്റത്തിലിനെതിരെ കേസെടുക്കണമെന്നും ഇതില്‍ പങ്കാളിയായ ജെയ്ക്ക് സി തോമസിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും പരാതിയില്‍ പറയുന്നു. ഫാ.എം.ഐ. തോമസ് മറ്റത്തിലിന്റെ ഓഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളും രേഖകളുമാണ് പരാതിക്കാരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ മണര്‍കാട് പള്ളി മൈതാനം പരിപാടിക്കായി വിട്ടുനല്‍കാതിരുന്നത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *