വാക്സിന്‍ ഉത്സവത്തിന് തുടക്കം; ഏപ്രില്‍ 11 മുതല്‍ 14 വരെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ‘മാസ് വാക്‌സിനേഷന്‍ കര്‍മ ‘പദ്ധതിക്ക് തുടക്കം . ഇന്നു മുതല്‍  നാല് ദിവസമാണ് വിപുലമായ വാക്‌സിനേഷന്‍ ക്യാംപയിന്‍ നടക്കുക.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതി(വാക്സിന്‍ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്‌.

കോവിഡ് ബാധിച്ച വ്യക്തിക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരില്‍ ആവശ്യമായ അവബോധം ഉണ്ടാക്കാന്‍ ഓരോരുത്തരും തയ്യാറാവണം. ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരാള്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറായാല്‍ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപീകരിക്കണം. ഒരു വ്യക്തി കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമുണ്ടായാല്‍ അവിടെ ഒരു മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍ ഉണ്ടാക്കാന്‍ അയാളുടെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണം. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഏറെ ഫലപ്രദമാണ് ഈ രീതിയെന്നും മോദി പറഞ്ഞു.

രാജ്യത്ത് അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസ് വാക്‌സിനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 6000 ഇടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാല് ലക്ഷം പേര്‍ക്ക് നാല് ദിവസം കൊണ്ട് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ബിഹാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച്‌ ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് മഹാ വാക്‌സിനേഷന്‍ കാമ്ബയിന്‍ അടിയന്തിരമായി നടത്താനൊരുങ്ങുന്നത്. രാജ്യത്ത് ഇതുവരെ പത്ത് കോടി പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *