ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി : ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോടതിയില്‍ നിന്ന് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്ബോള്‍ മന്ത്രിമാര്‍ രാജിവച്ച്‌ ഉന്നതമായ ജനാധിപത്യമുല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ മുമ്ബ് ഉണ്ടായിട്ടുണ്ട്. കെ.എം.മാണിക്കെതിരെ സംശയത്തിന്റെ പേരില്‍ മാത്രം കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സി.പി.എം തന്നെയാണ്. അന്ന് കെ.എം.മാണി രാജി വയ്ക്കുകയും ചെയ്തു.

ഇവിടെ ലോകായുക്ത സംശയമല്ല മന്ത്രി കെ.ടി ജലീലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വ്യക്തമായി തന്നെയാണ് ലോകായുക്ത വിധിച്ചിരിക്കുന്നത്. എന്നിട്ടും മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന് പറയുന്ന സി.പി.എം അഴിമതിക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതുമില്ല.

അഴിമതി തടയാനാണ് ലോകായുക്ത എന്ന് സംവിധാനം രൂപീകരിച്ചത് തന്നെ. അതിന്‍റെ വിധി മാനിക്കാതിരിക്കുന്നത് അഴിമതി ആരും തടയരുത് എന്ന് പറയുന്നതിന് തുല്യമാണ്. അഴിമതിക്കെതിരെ മുന്‍പ് സി.പി.എം ഘോരഘോരം നടത്തിയ പ്രസംഗങ്ങളെല്ലാം വെറും വാചക കസര്‍ത്ത് മാത്രമാണെന്നും തെളിഞ്ഞിരിക്കുന്നു.

കോടതി പരാമര്‍ശത്തിന്‍റെ പേരില്‍ രാജി വയ്ക്കണ്ടതില്ലെന്ന നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന ഇടതു മുന്നണി എത്രമാത്രം ജീര്‍ണ്ണിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ്. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഈ സര്‍ക്കാരിന് കേവലം ഒരു കാവല്‍ മന്ത്രിസഭയുടെ പദവിയേ ഉള്ളൂ. കഷ്ടിച്ച്‌ എതാനും ദിവസങ്ങള്‍ മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. എന്നിട്ടും ജലീലിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ പിന്തുണ നല്‍കുന്ന സി.പി.എം എത്രത്തോളം ജനവിരുദ്ധമായിക്കഴിഞ്ഞു എന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may missed