ബന്ധുനിയമനം: കെ.ടി ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ലോകായുക്ത

തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും കെ.ടി ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ലോകായുക്ത.

അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി. മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തു, പക്ഷപാതപരമായി പെരുമാറി. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ലോകായുക്ത ആക്‌ട് 12(3) അനുസരിച്ചുള്ള റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹരുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജലീലിന്റെ അടുത്ത ബന്ധുവായ അദീബിനെ നിയമിച്ചു എന്നാണ് പരാതി. യൂത്ത് ലീഗ് നേതാവ് വി.കെ മുഹമ്മദ് ഷാഫിയാണ് പരാതിക്കാരന്‍. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍, മന്ത്രി കെ.ടി ജലീല്‍, എ.പി അബ്ദുല്‍ വഹാബ്, എ അക്ബര്‍, കെ.ടി അദീബ് എന്നിവരാണ് എതിര്‍കക്ഷികള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്ബോഴാണ് അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചത്. വിവാദത്തെത്തുടര്‍ന്ന് അദീബ് രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed