കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയോട് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് നിരവധി സംസ്ഥാനങ്ങള്‍ പരാതി ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ വാക്‌സിന് ക്ഷാമം നേരിടുമ്ബോള്‍ കയറ്റുമതി ചെയ്യുന്നത് ശരിയാണോ എന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ന്യായീകരിക്കാവുന്നതല്ല. രാജ്യത്ത് കോവിഡ് വാക്‌സിന്റെ ദൗര്‍ലഭ്യം ഗുരുതരമായ വിഷയമാണ്. വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുക, കയറ്റുമതി നിര്‍ത്തിവെക്കുക, പുതിയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുക, വാക്‌സിന്‍ സംഭരണം ഇരട്ടിയാക്കുക, സംസ്ഥാനങ്ങള്‍ക്ക് പക്ഷഭേദമില്ലാതെ വിതരണം ചെയ്യുക, രോഗബാധിതരായ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ സാമ്ബത്തിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം ഒരു ഉത്സവമല്ല, വാക്‌സിന്റെ ലഭ്യതക്കുറവ് ഗുരുതരമായ കാര്യമാണ്. പക്ഷപാതപരമല്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോല്‍പിക്കുകയാണ് നാം ചെയ്യേണ്ടതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *