മന്‍സൂര്‍ വധം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍ എം.പി.

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സി.പി.എമ്മിന്‍റെ സന്തതസഹചാരിയാണ്. പൊലീസിലെ സി.പി.എം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മന്‍സൂര്‍ വധക്കേസില്‍ നീതി കിട്ടില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ സംഘത്തലവനായ ഇസ്മാഈല്‍ സി.പി.എം നേതാക്കളുടെ സന്തതസഹചാരിയാണ്. ഇസ്മാഈലിന് കിട്ടിയ വകുപ്പുതല സ്ഥാനക്കയറ്റം വരെ സി.പി.എമ്മിനെ ആശ്രയിച്ച്‌ സംഘടിപ്പിച്ചതാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനെയും കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തേണ്ടതാണ്. മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന്‍റെ കുറ്റകരമായ വീഴ്ചയാണ് യു.എ.പി.എ ചുമത്താത്തത്.

കൊലപാതകം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് കമീഷണറെ വിളിച്ചപ്പോള്‍ 14 പ്രതികളില്‍ 10 പേരെ തിരിച്ചറിഞ്ഞെന്നാണ് പറഞ്ഞത്. എന്നാല്‍, ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പിടിച്ചു കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്‍റെ കൈവശമുള്ളത്. പ്രതികളെ കണ്ടെത്താന്‍ ഒരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല.

മന്‍സൂര്‍ വധക്കേസിലും നീതി ലഭിക്കാന്‍ കോടതികളെ സമീപിക്കേണ്ടി വരും. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *