തപാല്‍ വോടിലും ഇരട്ടിപ്പ്; തെരഞ്ഞെടുപ്പ് കമിഷന് ചെന്നിത്തല പരാതി നല്‍കി

തിരുവനന്തപുരം:തപാല്‍ വോടിലും വ്യാപകമായ തിരിമറി നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തടയാന്‍ തെരഞ്ഞെടുപ്പ് കമിഷന്‍ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നരലക്ഷം ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോടിലും ഇരട്ടിപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളില്‍ വോട് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഓഫിസ് വിലാസത്തിലോ വീട്ടിലെ വിലാസത്തിലോ വീണ്ടും ബാലറ്റുകള്‍ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. വോടര്‍പട്ടികയില്‍ ഇവരെ മാര്‍ക്ക് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമിഷനെ ആശങ്ക അറിയിച്ച പ്രതിപക്ഷ നേതാവ് അഞ്ചു നിര്‍ദേശങ്ങളടങ്ങിയ പരാതിയും കൈമാറി.

തപാല്‍ വോടിലെ ഇരട്ടിപ്പ് ഉടന്‍ കണ്ടെത്തണമെന്നും പരാതിയില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ രണ്ടാമത് ചെയ്ത തപാല്‍ വോടുകള്‍ എണ്ണരുതെന്നു നിര്‍ദേശം നല്‍കണം. പോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയയ്ക്കുന്നതിനു മുന്‍പ് അവര്‍ നേരത്തെ വോടു ചെയ്തില്ല എന്നു ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തില്‍ വോടു ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തപാല്‍ വോട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം.

എത്ര ബാലറ്റ് യൂണിറ്റ് പ്രിന്റ് ചെയ്തു ഇനി ബാക്കി എത്ര എന്ന കണക്കും പുറത്തുവിടണം. 80 വയസുകഴിഞ്ഞവരുടെ വോടുകള്‍ വീട്ടിലെത്തി ശേഖരിച്ചതിനെപ്പറ്റിയും പരാതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വോടുകള്‍ സീല്‍ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *