സമാധാന യോഗം യു.ഡി.എഫ് ബഹ്ഷ്‌ക്കരിച്ചു

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു; എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു

കണ്ണൂര്‍: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം 10 ലീഗ് പ്രവര്‍ത്തകരെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് തല്ലിച്ചതച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു. പൊലീസ് കൊലയാളികളെ പിടികൂടുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

വൈകാരികമായാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. ഉമ്മയുടെയും ഉപ്പയുടെയും മുന്നിലിട്ടാണ് 21 വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയത്. മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ല. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് മുതല്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

മൻസൂറിന്‍റെ കൊലപാതക കേസില്‍ ഷിനോസിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഷിനോസ്. ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ല സഹോദരന്‍ മുഹ്സിനെയാണെന്നാണ് ഷിനോസ് പൊലീസിനോട് പറഞ്ഞത്.

അതേസമയം പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് യുഡിഎഫിന്‍റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *