എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതിനിടെ മാറ്റിവച്ച എസ്‌ എസ്‌ എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഏപ്രില്‍ എട്ടാം തിയതി വ്യാഴാഴ്ച ആരംഭിക്കും. ഒന്‍പത്‌ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. അധ്യയന വര്‍ഷത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താണ്‌ ഇത്തവണ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് എത്തുന്നത്‌.

ഡിസംബര്‍ വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിരുന്നു. ജനുവരി മുതല്‍ റിവിഷന്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നിശ്ചിത ദിവസങ്ങളില്‍ സ്കൂളുകളില്‍ എത്തി. ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കി. കോവിഡ്‌ മാറ്റി മറിച്ച അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയാണ് എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ പരീക്ഷക്ക്‌ എത്തുന്നത്‌. 4,22,226 വിദ്യാര്‍ഥികളാണ്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതുന്നത്‌. 2947 പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമായി കഴിഞ്ഞു.

2004 കേന്ദ്രങ്ങളിലായി 446471 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതും‌.

രാവിലെ പ്ലസ്‌ ടു പരീക്ഷയും ഉച്ചക്ക്‌ ശേഷം എസ്‌ എസ്‌ എല്‍ സി പരീക്ഷയും നടക്കും. റംസാന്‍ നോമ്ബ്‌ പരിഗണിച്ച്‌ 15 മുതല്‍ എസ്‌ എസ്‌ എല്‍ സി പരീക്ഷകള്‍ രാവിലെയാണ്‌.

ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളില്‍​ നിന്നാകും ഭൂരിഭാഗം ചോദ്യങ്ങളും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ആശങ്ക വേണ്ട.

കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ്‌ പരീക്ഷാ നടത്തിപ്പ്‌. മാസ്‌കും സാനിറ്റൈസിങ്ങും നിര്‍ബന്ധം. കൂട്ടം കൂടാന്‍ അനുവദിക്കില്ല. കോവിഡ്‌ ബാധിതര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും പ്രത്യേക മുറി ക്രമീകരിക്കും. കുടിവെളളവും മറ്റ്‌ സാധനങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവയ്‌ക്കരുത്‌.

Leave a Reply

Your email address will not be published. Required fields are marked *