കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്ബില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍(22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തില്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149, 150 ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം.

വോട്ടെടുപ്പിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. പുതുപ്പള്ളി 55-ാം നമ്ബര്‍ ബൂത്ത് ഏജന്റ് സോമന്‍, അഫ്‌സല്‍ എന്നിവര്‍ക്കാണു വ്യത്യസ്ത സംഭവങ്ങളില്‍ വെട്ടേറ്റത്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

പരാജയ ഭീതിയില്‍ ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോട്ട് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കു വെട്ടേറ്റു. ഇരുകാലുകള്‍ക്കും വെട്ടേറ്റ ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കാല് അറ്റ് തൂങ്ങിയ നിലയിലാണ്.

അമ്ബലത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may missed