കേരളത്തില്‍ യു.ഡി.എഫ് തരംഗം; 100 സീറ്റ് നേടുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും യുഡിഎഫ് തരംഗമാണെന്നും നൂറ് സീറ്റ് നേടി മുന്നണി അധികാരത്തില്‍ വരുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു.

സിപിഎം -ബിജെപി രഹസ്യ ധാരണ അങ്ങാടിപ്പാട്ടാണ്.അതില്‍ ഇരുവരും പരിഭ്രാന്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര ഇപ്പോഴും തുടരുകയാണ്. സിപിഎമ്മിനും ബിജെപി ക്കും കടുത്ത ആശയ ദാരിദ്ര്യമാണ്. ചരിത്രത്തിന് പറ്റിയ കൈപ്പിഴയെ തുടര്‍ന്ന് നേമത്ത് കിട്ടിയ ബിജെപി അക്കൗണ്ട് ഇത്തവണ കെ. മുരളീധരന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥി നിര്‍ത്തി കോണ്‍ഗ്രസ് ക്ലോസ് ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഇപ്പോള്‍ തന്നെ പരാജയം സമ്മതിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ ബിജെപിയുടെ അക്കൗണ്ട് പൂജ്യമാകും. ജനം ബിജെപിയെ മറക്കും.

മുഖ്യമന്ത്രിയുടെ അശിര്‍വാദത്തോടെയാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണ്. മഞ്ചേശ്വരത്ത് സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. മഞ്ചേശ്വരത്ത് യു ഡി എഫിന് ഒറ്റക്ക് ജയിക്കാനുള്ള കരുത്തുണ്ട്. ബി ജെ പിയെ പരാജയപ്പെടുത്താന്‍ മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ അല്ല സിപിഎം നിര്‍ത്തേണ്ടത്. താന്‍ പരിഹാസരൂപേണ പറഞ്ഞത്, ദുര്‍ബലനെ നിര്‍ത്തുന്നതിന് പകരമായി സാങ്കേതികമായ അര്‍ത്ഥത്തില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സാധിക്കില്ലെങ്കിലും സി പി എമ്മിന്റെ വോട്ട് ഐക്യജനാധിപത്യ കക്ഷികള്‍ക്ക് നല്‍കണമെന്നാണ്.

മുഖ്യമന്ത്രിയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കയാണ്. ആര്‍എസ്‌എസിനെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മോദിയുടെ ഇന്ത്യന്‍ ഫാസിസത്തിനെതിരെ മുഖാമുഖം പോരാടിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. ബിജെപിയെ ഫലപ്രദമായ് തടയുന്നത് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസുമാണ്. ആര്‍എസ്‌എസിനെതിരായ നിലപാടില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനാണ് പരിഹാസ രൂപണ മഞ്ചേശ്വരം വിഷയത്തില്‍ താന്‍ വെല്ലുവിളിച്ചത്. പിണറായിയെന്ന വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയത്തിനെതിരെ ഉത്തമ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും യുഡിഎഫിന് വോട്ട് ചെയ്യും. മഞ്ചേശ്വരത്ത് ബി ജെ പിയെ തോല്‍പിക്കാന്‍ സി പി എമ്മിന്റെ വോട്ട് ചോദിച്ചിട്ടില്ല.

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തളിപ്പോയത് യാദൃശ്ചികമല്ല. തലശ്ശേരിയില്‍ മന:സാക്ഷിക്കു അനുസരിച്ചു വോട്ട് ചെയ്യും എന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവന സിപിഎമ്മിന് വോട്ട് കൊടുക്കണമെന്ന നിര്‍ദേശമാണ്. സിപിഎമ്മിന്റെ കൊലപാതക അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനാലാണ് വടകരയില്‍ ഒരു ഉപാധിയുമില്ലാതെ കെ കെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയത്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പിണറായി വിജയനില്‍ ചുരുക്കുന്നതല്ല കമ്മ്യൂണിസ്‌ററ്റ്.

ആര്‍എസ്പിയിലേയും ഫോര്‍വേഡ് ബ്ലോക്കിലേയും പ്രവര്‍ത്തകര്‍ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരാണെന്നത് മറക്കരുത്.

മുഖ്യമന്ത്രി ധൂര്‍ത്തിലും ധാരാളിത്വത്തിലും അഭിരമിക്കുകയാണ്. പരസ്യപ്രചരണം അവസാനിക്കുന്ന നാളില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ധര്‍മടത്ത് സംഘടിപ്പിച്ച കാലാസന്ധ്യയില്‍ പങ്കെടുത്ത ഒരു നടിക്ക് 50 ലക്ഷം രൂപയാണ് നല്‍കിയത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമോയെന്നത് വ്യക്തമാക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ തയ്യാറാകണം.

സംസ്ഥാനത്ത് ഒരിടത്തും വര്‍ഗീയ ശക്തികളുടെ വോട്ട് യുഡിഎഫിന് വേണ്ട. ബിജെപിയുമായ് ഒത്തുകളി തുടരുമ്ബോള്‍ തന്നെ എസ്ഡിപിഐയുമായ് ധാരണയും പിഡിപിയുമായ് വേദി പങ്കിടുകയുമാണ് സിപിഎം. കരുനാഗപ്പള്ളിയിലും ആലുവയിലും ഉള്‍പ്പെടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പിഡിപി വേദിയിലെത്തി.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വരവ് വലിയ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ദിര ഗാന്ധിയുടെ കാലത്ത് മാത്രമാണ് ഇത്രയേറെ തരംഗം പ്രകടമായിരുന്നത്.കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച സിപിഎം എംപി എഎം ആരിഫ് പരസ്യമായി മാപ്പുപറണം. സ്ത്രീകളെ അംഗീകരിക്കുന്നതിലെ സിപിഎമ്മിന്റെ പൊതുസ്വഭാവമാണ് ഇതിലൂടെ പ്രകടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *