ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: റെയില്‍വെ ട്രാക്കില്‍ തെങ്ങിന്‍ തടിവച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ പാറയിലായിരുന്നു സംഭവം. ഇടവ സ്വദേശി തൊടിയില്‍ ഹൗസില്‍ സാജിദ്, കാപ്പില്‍ സ്വദേശി ഷൈലജ മന്‍സിലില്‍ ബിജു എന്നിവരെയാണ് റെയില്‍വേ സുരക്ഷാ സേന പിടികൂടിയത്.

രാത്രി 12.50ന് വന്ന ചെന്നൈ- ഗുരുവായൂര്‍ ട്രെയിന്‍ ഒന്നര മീറ്ററോളം നീളമുള്ള തടിയില്‍ തട്ടിയെ​ങ്കിലും ഉടന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് തടി നീക്കം ചെയ്താണു യാത്ര തുടര്‍ന്നത്. ഉടന്‍ വിവരം റെയില്‍വേ സുരക്ഷാ സേനയെ അറിയിച്ചു. തടി കൊല്ലം ആര്‍പിഎഫ് പോസ്റ്റില്‍ എത്തിക്കുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ രജനി നായര്‍, റെയില്‍വേ പൊലീസ് എറണാകുളം ഡിവൈഎസ്പി കെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, ആര്‍പിഎഫ് എസ്‌ഐ ബീന, എസ്‌ഐ പി.ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ സംഭവ സ്ഥലത്ത് എത്തി. പ്രദേശത്തെ നൂറിലധികം പേരില്‍ നിന്നും റെയില്‍വേ ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്.

സംഭവ ദിവസം റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നുള്ള സ്ഥലത്തിരുന്നു മദ്യപിച്ച പ്രതികള്‍ തുടര്‍ന്നു തടിക്കഷണം ട്രാക്കില്‍ വയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ മൊഴി നല്‍കി. റെയില്‍വേ ആക്‌ട് പ്രകാരം ആര്‍പിഎഫാണു കേസ് എടുത്തത്. ഇന്നലെ വൈകിട്ട് പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഇതിനു സമീപത്താണ് ഒരു മാസം മുന്‍പ് മലബാര്‍ എക്സ്പ്രസ് ട്രെയിനിനു തീപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *