യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സുജിത് എന്ന ചിക്കു പിടിയില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലിസ് പറഞ്ഞു. കൊലപാതകസമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലിസിന്റെ നിഗമനം. ഇന്നലെ പിടിയിലായ ശിവപ്രസാദിന് കേസില്‍ പങ്കുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു.

വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടില്‍ വീട്ടില്‍ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. 2 യുവതികള്‍ അടക്കം 4 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം.

പെണ്‍വാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാര്‍ട്‌മെന്റില്‍ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേല്‍പിച്ച ശേഷം ബാല്‍ക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പോലിസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഇവിടെയെത്തിയ അപ്പാര്‍ട്‌മെന്റിന്റെ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ശരീരത്തില്‍ എഴുപതോളം മുറിവുകള്‍ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു. ഒരു മാസം മുന്‍പാണ് ഇവര്‍ അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *