കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കോവിഡ്‌  രണ്ടാംതരംഗത്തില്‍ കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം.

രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തുമെന്നും , 35വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്സീന്‍ നല്‍കിതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദൗത്യസംഘത്തിലെ ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു.

മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടകം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുകയാണ്. ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍, രോഗം മാറിയെന്ന് ആളുകള്‍ ധരിച്ചതോടെ പ്രതിരോധം പാളി, സുനീല ഗാര്‍ഗ് പറഞ്ഞു.

കേരളത്തില്‍ എറണാകുളം, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രോഗബാധ തീവ്രമാണ്. കണ്ണൂരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വോട്ടിംഗ് ദിനത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് . പോളിംഗ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ വൃത്തങ്ങള്‍ വരച്ചിടണം, സാനിട്ടൈസര്‍, മാസ്ക് ഇതെല്ലാം ഉറപ്പ് വരുത്തണമെന്നും സംഘം മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed