പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശമില്ല

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം ഒഴിവാക്കി കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവസാന ദിവസം ഗംഭീരമാക്കാനുള്ള പ്രചാരണ പരിപാടികളുമായി മുന്നണികള്‍ രംഗത്തുണ്ട്.

കോവിഡ്‌ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ഏഴ് വരെ പ്രചാരണം നീളും. ഇതോടെ ഒരുമാസം നീണ്ടുനിന്ന പരസ്യ പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴും. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ നിശ്ശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരിക്കും മുന്നണികള്‍.

പോളിംഗിന് 72 മണിക്കൂറിന് മുമ്ബ് തന്നെ ബൈക്ക് റാലികള്‍ക്ക് പൂര്‍ണമായും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യ വിതരണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല.

സ്ഥാനാര്‍ഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണം ഏര്‍പ്പെടുത്തും. ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പെടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *