കേരളത്തില്‍ ലവ് ജിഹാദ് ഇല്ല: ശശി തരൂര്‍

അടൂര്‍: കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു? ഇത് വര്‍ഗീയതക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ഈ വിഷയത്തില്‍ മലയാളികള്‍ വീണുപോകരുത്. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിത്. ഉത്തര്‍‌ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വര്‍ഗീയ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. കേരളത്തില്‍ ലവ് ജിഹാദ് സംഭവങ്ങള്‍ വര്‍ധിച്ചെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. അടൂരില്‍ ബിജെപിയുടെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു തതൂര്‍.

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം എന്ന നിലയ്ക്ക് കുറച്ച്‌ സമയമേ ലഭിച്ചുള്ളൂവെന്നും ശി തരൂര്‍ പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങള്‍ ചില ഭാഗത്ത് എത്തി, ചില ഭാഗത്ത് എത്തിയില്ല. ദേശീയ തലത്തില്‍ ശത്രു ബിജെപിയാണ്. കേരളത്തില്‍ പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെ. ആറോളം സ്ഥലങ്ങളില്‍ ബിജെപി ശക്തമായ മത്സരം കാണിക്കുന്നുണ്ടാകാം. എങ്കിലും അത് കാര്യമാക്കുന്നില്ല. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. നേമം തിരിച്ച്‌ പിടിക്കാനാണ് മുതിര്‍ന്ന നേതാവിനെ തന്നെ കോണ്‍ഗ്രസ് നിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി ഇതിനിടയില്‍ നടന്നു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇന്ത്യയില്‍ നികുതി നല്‍കണമെന്ന് വ്യവസ്ഥയുള്ള ബില്‍ ഇതിനിടയില്‍ കേന്ദ്രം പാസാക്കി. കേന്ദ്രം ചെയ്യുന്നത് ചതിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *