ബംഗാളില്‍ ഒന്‍പത് മണിക്കൂറില്‍ 71 ശതമാനം പോളിംഗ്

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലും ആസാമിലും രണ്ടാംഘട്ട വോട്ടെടുപ്പ് ഒന്‍പത് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ബംഗാളില്‍ പോളിംഗ് 71.07 ശതമാനമെത്തി. ആസാമില്‍ 63.04 ശതമാനമാണ് പോളിംഗ്. ബംഗാളില്‍ 30 നിയോജകമണ്ഡലങ്ങളിലും ആസാമില്‍ 39 നിയോജക മണ്ഡലങ്ങളിലുമാണ് ജനം വിധിയെഴുതുന്നത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടുന്ന നന്ദിഗ്രാം സീ‌റ്റിലും ഇന്നാണ് വോട്ടെടുപ്പ്. മമതയുടെ മുന്‍ സഹപ്രവര്‍ത്തകനും ബിജെപി നേതാവുമായ സുവേന്ദു അധികാരിയാണ് ഇവിടെ മമതയ്‌ക്ക് എതിരെ മത്സരിക്കുന്നത്. നന്ദിഗ്രാമിലെ പോളിംഗ് ബൂത്തിലെത്തിയ മമതയ്‌ക്കെതിരെ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പ്രദേശവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കറിനെ വിളിച്ച്‌ പരാതിപ്പെട്ടു. പരാതി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി ഗവര്‍ണര്‍ പ്രതികരിച്ചു.

രാവിലെ മിഡ്നാ‌പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍‌ത്തകന്‍ മരണമടഞ്ഞിരുന്നു. പ്രശ്‌നത്തില്‍ എട്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടത്തെ പോളിംഗ് സ്റ്റേഷനില്‍ കൂടുതല്‍ കമ്ബനി കേന്ദ്രസേനയെ നിയാേഗിച്ചിട്ടുണ്ട്. നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണം നടത്തും.വോട്ടര്‍മാര്‍ അല്ലാത്തവര്‍ക്ക് നന്ദിഗ്രാമില്‍ പ്രവേശനമില്ല.

Leave a Reply

Your email address will not be published. Required fields are marked *