പ്രളയം മനുഷ്യനിര്‍മ്മിതം ; യുഡിഎഫ് നടപടി എടുക്കും : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : 2018ലെ പ്രളയം മനുഷ്യനിര്‍മിതിമാണെന്ന് ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ ഇതു സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പ്രളയം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡാമുകളില്‍ ഉണ്ടായിട്ടും അതു പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണ് പ്രളയം അതിരൂക്ഷമാക്കിയത് എന്ന ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ അതീവ ഗുരുതരമാണ്.

സംസ്ഥാനത്തെ 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേര്‍ ഭവനരഹിതരാകുകയും 433 പേര്‍ മരണമടയുകയും ചെയ്ത ഈ ദുരന്തത്തിന് ഉത്തരം പറയാന്‍ പിണറായി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേരളം കണ്ട ഏറ്റവും വലിയ ഈ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISc) ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് അക്കൗണ്ടന്റ് ജനറലിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ രംഗത്തെ പ്രഗത്ഭരായ പിപി മജുംദാര്‍, ഐഷ ശര്‍മ, ഗൗരി ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചും തയാറാക്കിയ 148പേജുള്ള റിപ്പോര്‍ട്ട് 2020 ജൂലൈയില്‍ എജിക്കു സമര്‍പ്പിച്ചു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം.

 

Leave a Reply

Your email address will not be published. Required fields are marked *