ലീഗ് വര്‍ഗീയ നയം മാറ്റിയാല്‍ സ്വീകരിക്കും: കെ. സുരേന്ദ്രന്‍

തൃശൂര്‍: മുസ്‌ലിം ലീഗ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്നും അവര്‍ നയം മാറ്റി വന്നാല്‍ എന്‍.ഡി.എയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മോദിയുടെ നയങ്ങളും ഏകാത്മ മാനവദര്‍ശനവും സ്വീകരിക്കാന്‍ തയ്യാറായാല്‍ കുഞ്ഞാലിക്കുട്ടിയെയും സ്വാഗതം ചെയ്യും.
ലീഗ് വിഷയത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. മാദ്ധ്യമങ്ങള്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണ്.

വര്‍ഗീയ നിലപാട് തിരുത്തി, നരേന്ദ്ര മോദിയുടെ നയങ്ങള്‍ സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്‌ലിം ലീഗിനെയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എ.എന്‍. നാരായണന്‍ നമ്ബൂതിരി, കെ.കെ. അനീഷ്‌കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *