യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ സഹോദരനും ബാറ്റിങ്ങിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

രണ്ട് ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് യൂസഫ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണവും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു തവണയും ഐ.പി.എല്‍ കിരീട നേട്ടത്തിലും പങ്കാളിയായി.

അടുത്തിടെ നടന്ന ഐ.പി.എല്‍ താര ലേലത്തില്‍ യൂസഫിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലാണ് യൂസഫ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ടീമിനായി 57 ഏകദിനങ്ങളും 22 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007-ലെ ട്വന്റി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി 20-യില്‍ 236 റണ്‍സുമാണ് സമ്ബാദ്യം.

ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകള്‍ നേടാന്‍ കഴിഞ്ഞതും സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റാന്‍ കഴിഞ്ഞതും കരിയറിലെ അവിസ്മരണീയ നിമിഷങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഏവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് യൂസഫ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *