അടവുമാറ്റി സര്‍ക്കാര്‍; പുതുതായി 400 തസ്തികകള്‍ സൃഷ്ടിച്ചു

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ അടവു മാറ്റി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒഴിവുള്ള തസ്തികകളിലെല്ലാം എത്രയും വേഗം നിയമനം നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. പുതിയ 400 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പോലീസ്, വിദ്യാഭ്യാസം, കാംകോ എന്നിവിടങ്ങളിലായിരിക്കും പുതിയ തസ്തികകള്‍ സൃഷ്ടിക്കുക. കെ എ പി 6 എന്ന പേരില്‍ പോലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 35 വര്‍ഷത്തിന് ശേഷമാണ് കേരളാ പോലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കുന്നത്. 135 തസ്തികകളാണ് ബറ്റാലിയനില്‍ രൂപീകരിക്കുക.

84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധ സമരം നടത്തിയ ദേശീയ ഗെയിംസ് ജേതാക്കള്‍ അടക്കമുള്ളവര്‍ക്ക് നിയമനം നല്‍കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയം മൂലമാണ് തിടുക്കപ്പെട്ട് പുതിയ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഐടി ജീവനക്കാര്‍ പ്രത്യേക ക്ഷേമനിധി ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *