കടലിന്‍റെ മക്കള്‍ പിണറായിക്ക് മാപ്പ് നല്‍കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം :  പിണറായി സർക്കാരിനെപ്പോലെ അടിമുടി അഴിമതിയില്‍ മുങ്ങിയ സർക്കാർ  കേരളത്തിന്‍റെ ചരിത്രത്തിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ഇതുപോലെ അഴിമതിയില്‍ മുങ്ങിത്താഴ്ന്നിട്ടില്ല. ശാസ്ത്രീയമായി അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ച സര്‍ക്കാരാണിത്. കേരളം സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നു. നാടിന്‍റെ പ്രതീക്ഷകളെല്ലാം തകര്‍ന്ന അഞ്ച് വര്‍ഷമാണ് കടന്നുപോയത്. വന്‍ കടക്കെണിയിലാണ് ഇപ്പോള്‍ സംസ്ഥാനമുള്ളത്. ഒരു വികസന നേട്ടവും പിണറായി സർക്കാരിന് അവകാശപ്പെടാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം എണ്ണിപ്പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്ന് തെളിഞ്ഞു. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. എന്നാല്‍ ഇതുവരെ ഒരു അഴിമതിയും അന്വേഷിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഈ അഴിമതികളെല്ലാം അന്വേഷിച്ച് കുറ്റക്കാരെ വിലങ്ങുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളെ പിന്നില്‍നിന്ന് കുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കടലിന്‍റെ മക്കളുടെ ജീവിതമാർഗം ഇല്ലാതാക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി കരാറുണ്ടാക്കിയ പിണറായി വിജയന് കടലിന്‍റെ മക്കള്‍ ഒരിക്കലും മാപ്പ് നല്‍കില്ല. ഇതിന് മത്സ്യത്തൊഴിലാളികള്‍ മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്‍റെ ഐശ്വര്യത്തിനു വേണ്ടിയുള്ള യാത്രയാണ് ഇത്രയും ദിവസം യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നടത്തിയത്. കേരളത്തിന് സദ്ഭരണം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചുളള ഐശ്വര്യ കേരള യാത്ര വന്‍ വിജയമാണ്. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നുവെന്നത് വ്യക്തമായി. കേരളത്തെ അഴിമതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്നും നാടിനെ രക്ഷപ്പടുത്താനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *